#ദിനസരികള്‍ 393


            എം ഗോവിന്ദന്‍ , സഹോദരന്‍ അയ്യപ്പനെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ സ്വന്തം ജീവിതംകൊണ്ട് അയ്യപ്പന്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ച ആശയങ്ങളെ ഇങ്ങനെ ക്രോഡീകരിക്കുന്നുണ്ട്.
ഒന്ന്.- മനുഷ്യാവകാശങ്ങളെ അവഗണിക്കുന്ന എന്തും അധര്‍മ്മമാണ്.
രണ്ട്.- ഏതു മാറ്റത്തിന്റേയും സ്വഭാവം മൌലികമായിരിക്കണം.അതായത് മാറ്റത്തിന്റെ ആരംഭം അടിത്തട്ടില്‍ നിന്നുതന്നെയായിരിക്കണം
മൂന്ന്.- അധികാരം ജനങ്ങള്‍ക്കല്ലെങ്കില്‍ അവര്‍‌ക്കെന്നും അവശത തന്നെ
നാല്.- ജാതി ചിന്തയും അനുഷ്ഠാനങ്ങളും പോകാതെ ദേശീയത ഉണ്ടാവില്ല.അതുവരെ ഓരോ ജാതിയും അതിലൂടെ രാജ്യത്തെ സേവിക്കുന്നു
അഞ്ച്.- ജാതി വ്യവസ്ഥയുടെ തിരോധാനം മനുഷ്യത്വത്തിന്റെ വികസനത്തിന്റെ മുന്നുപാധിയാണ്.മനുഷ്യനാകുകയാണ് പാവനമായ കര്‍മ്മം
ആറ്.- ഇക്കാരണങ്ങളാല്‍ മനുഷ്യസ്വാതന്ത്ര്യത്തെ നിഹനിക്കുന്ന എല്ലാറ്റിനേയും തുടച്ചുനീക്കുക
            ശ്രീനാരായണന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യത്തെ ജാതി വേണ്ട, മതം വേണ്ട , ദൈവം വേണ്ട മനുഷ്യന് എന്നു തിരുത്തിയ ഉല്‍പതിഷ്ണുവായ അയ്യപ്പന്റെ വീക്ഷണങ്ങളെ വളരെ വ്യക്തമായി അവതരിപ്പിക്കുവാന്‍ ഈ ക്രോഡീകരണത്തിന് കഴിഞ്ഞിട്ടുണ്ട്.മനുഷ്യനെ അയ്യപ്പന്‍ മനസ്സിലാക്കുന്നത് ജാതിയുടേയോ മതത്തിന്റെയോ സങ്കുചിതത്വങ്ങളില്‍ നിന്നുകൊണ്ടല്ല , സാര്‍വ്വലൌകികമായ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. നമുക്കെന്നും ഈഴവരായിരുന്നാല്‍ മതിയോ ? ഈഴവന്‍ എന്ന ഇടുങ്ങിയ അഭിമാനം കളഞ്ഞ് മനുഷ്യന്‍ മനുഷ്യന്‍ എന്ന വിശാലവും പാവനവുമായ അഭിമാനം എടുക്കുവാന്‍അദ്ദേഹം കൂടെക്കൂടെ തന്റെ സഹജാതരെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.മനുഷ്യരെല്ലാവരും ജന്മനാ സമന്മാരാണ്.എല്ലാ സമുദായക്കാരും സമന്മാരാണ്.ജീവിക്കുവാനും വളരാനും ക്ഷേമൈശ്വര്യങ്ങള്‍ തേടാനുമുള്ള അവകാശം എല്ലാ സമുദായങ്ങള്‍ക്കുമുണ്ട്.ഇതാണ് സത്യം. ഇതാണ് ധര്‍മ്മം.ഇതാണ് നീതി.ഇതിനെതിരായതെല്ലാം അസത്യവും അധര്‍മ്മവും അനീതിയുമാകുന്നു.എന്ന് അയ്യപ്പന്‍ പറയുന്നതിനപ്പുറം മറ്റെന്താണ് നമുക്കു കൂട്ടിച്ചേര്‍ക്കാനുള്ളത് ?
            കാലത്തിന്റെ ഒരു ഹ്രസ്വഖണ്ഡത്തില്‍ ജീവിക്കുകയും എന്നാല്‍ സര്‍വ്വകാലത്തുമായി നിലനില്ക്കുകയും ചെയ്യുക എന്നത് മഹത്തുക്കള്‍ക്കു മാത്രം കഴിയുന്നതാകുന്നു.അത്തരം മഹത്തുകളാണ് നമ്മുടെ ഇന്നലേയും ഇന്നിനേയും നാളെയും സൃഷ്ടിക്കുകയും  നവീകരിക്കുകയും വീണ്ടും നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.അവര്‍ ഒരു കാലത്തും നമ്മെ പിന്നോട്ടു നടത്തുകയില്ല.ഒരിക്കല്‍ ഉപേക്ഷിച്ചു പോന്ന കുടുസുകളിലേക്ക് വീണ്ടും നമ്മെ കൊണ്ടു ചെന്നു കയറ്റുകയില്ല.അവര്‍ നയിക്കുന്ന വഴികള്‍ ഒരു കാലത്തും ക്രമേണ ക്രമേണ ഇടുങ്ങി വന്ന് നമ്മെ ഞെരുക്കുകയില്ല.ലോകമാകമാനമുള്ള മാനവസത്തയെന്ന സങ്കല്പനത്തില്‍ ഊന്നി നിന്നുകൊണ്ടായിരിക്കും അത്തരം മഹാത്മാക്കള്‍ നമ്മെ നയിക്കുന്നത്.ജാതിയുടേയും മതത്തിന്റേയും കുടുസുകളില്‍ നിന്ന് മാനവികതയുടെ വിശാലലോകത്തേക്ക് നമ്മെ നയിക്കുന്നവരെയാണ് ഇന്നിനാവശ്യം.അല്ലാതെ വീണ്ടും മതവും ജാതിയും വളര്‍ത്തുന്നവരെയല്ല.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍